2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ചിലന്തികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്

 നീ പ്രതീക്ഷകള്‍
തന്നതു കൊണ്ടാണ്
ഞാന്‍ കാത്തിരുന്നത്

കാത്തിരുന്നു
മടുത്തപ്പോഴാണ്
വലകള്‍
കെട്ടാന്‍ തുടങ്ങിയത്

ആ വലയില്‍
വന്നു ചാടിയ നീ
പിന്നെയും
എന്തിനെന്നെ പഴിക്കുന്നു

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

രാത്രിയില്‍...


രാത്രിയില്‍
ഒരു കടല്‍
ഒഴുകാറുണ്ട് എന്നിലേക്ക്‌
തുടക്കവും ഒടുക്കവും
എവിടെ നിന്നെന്നറിയാത്ത
കടല്‍ 

ചില്ലുകൂടുകള്‍ തകര്‍ത്ത്
സ്വര്‍ണ മീനുകള്‍ ഒഴുകി
ആ കടലില്‍ ചേരും

തിരയടിക്കുന്ന കരയില്‍
ആരോ
ഇണയുടെ കാതില്‍
ചിത്രങ്ങള്‍
വരക്കുന്നുണ്ടാവും

ഉപേക്ഷിക്കപ്പെട്ട
അടിവസ്ത്രങ്ങള്‍
ഓരോ തിരക്കുമൊപ്പം
വന്നരെയോ തിരയും

ഒഴുകിയൊഴുകി
പരന്നു പരന്ന്
ഒടുവില്‍
ഞാനും നീയും
ഒന്നാകും

അവിടെ കടല്‍
അവസാനിക്കും
രാവിലെ എല്ലാം
പഴയത്
പോലെ തന്നെ......!!!

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ജാലക വാതിലിലൂടെ............

അനുവാദം ചോദിക്കാതെ,
കടന്നു വന്നത്...
ഒരു തണുത്ത
കാറ്റായിരുന്നു..,
ആ കാറ്റിനു-
അവളുടെ മണമുണ്ടായിരുന്നു.

നനക്കാന്‍ മറന്നിട്ടും,
പൂത്ത മതിലിനടുത്തെ
റോസാച്ചെടി......
ഒരു പൂവ്
അതെന്നെ നോക്കി പുഞ്ചിരിച്ചു

കൊട്ടി അടഞ്ഞ
ജനാലയുടെ പിന്നില്‍
ഇരുളിന്റെ മറവില്‍
എന്റെ നിശ്വാസച്ചൂടില്‍
ഞങ്ങള്‍......

കരഞ്ഞു കൊണ്ടാണു
പിറ്റെ പ്രഭാതം
പുലര്‍ന്നത്.......
ഇതളുകളെല്ലാം കൊഴിഞ്ഞ
ആ തണ്ട് എന്നെ നോക്കി
പല്ലിളിച്ചു...
ജാലക വാതിലുകളെ
ശപിച്ച് അകലേക്ക്
നോക്കി ഞാന്‍ നിന്നു...

2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

നഗ്ന പ്രണയം...,

നമീറ ടീച്ചറുടെ
ക്ലാസില്‍ നിന്നും
കണ്ണുടക്കിയപ്പോള്‍
കൂടെ കൂട്ടിയതാണ്

പിന്നൊരു
മഞ്ഞുകാലത്ത്
ഉരുകി എന്നിലലിഞ്ഞു

ഒരിക്കല്‍
എന്നോടു കൊഞ്ചാന്‍
വന്ന കാതറീന്
കിട്ടി അവളില്‍ നിന്നൊരു ഡോസ്

പേപ്പറില്‍
വിരഹം ശര്‍ദ്ധിച്ച
മാര്‍ച്ചിനൊടുവില്‍
ഒന്നായ് രണ്ടിടങ്ങളില്‍

ഒടുവില്‍
ആ കൂള്‍ബാറില്‍
ഇരുന്നവള്‍ മൊഴിഞ്ഞു
എനിക്കു വിഷമമുണ്ട്
എന്നാലും ജീവിതമാണ്

ഒരു സിഗരറ്റ്
വലിച്ചു തീര്‍ത്ത്
ആഷ്ട്രേയില്‍ കുത്തിക്കെടുത്തി
ഞാനും പറഞ്ഞു
ഇത്രേ ഉള്ളൂ......!